Monday, August 22, 2011

എന്മകജെ : ഒരു നോവലായണം - 1

വായിച്ച നോവലിലൂടെ ഒരു യാത്ര, അതായിരുന്നു എന്മകജയിലേക്ക് പോകുമ്പോള്‍ മനസ്സില്‍. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെക്കുറിച്ചുള്ള യൂണിവേഴ്സിറ്റി യൂണിയന്‍ സെമിനാറിനുശേഷം രാത്രി ഹോസ്റ്റല്‍ മെസ്സിലെ പതിവ് പരദൂഷണ ചര്‍ച്ചയ്ക്ക്‌ പകരം സംസാര വിഷയം എന്‍ഡോസള്‍ഫാന്‍ ആയിരുന്നു. സെമിനാറില്‍ അംബികാസുതന്‍ മാഷ്‌ നടത്തിയ പ്രഭാഷണവും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ വിഷമവും വേദനയും എല്ലാം സംസാര വിഷയമായി കടന്നു പോയി.  അവസാനം അംബികാസുതന്‍ മാഷ്‌ എഴുതിയ എന്‍മകജെ നോവലില്‍ എത്തിയപ്പോള്‍ വായിച്ച ആവേശത്തിന് ഒന്ന് കയറി പറഞ്ഞതാണ്‌ നമുക്കൊന്ന് അത്രടം വരെ പോയാലോ?

“ശരി പോവ്വല്ലേ?”  

എന്നെക്കാളും ആവേശവുമായി ഷെഫീക്ക് ചാടിവീണു.  ദീര്‍ഘിപ്പിച്ചാല്‍ തലവച്ചു കൊടുക്കാനുള്ള എക്സാമുകള്ടെ നിരയോര്‍ത്തിട്ടും സബ്മിറ്റ് ചെയ്യാനുള്ള റെക്കോഡുകള്‌ടെ കനമോര്‍ത്തിട്ടും യാത്ര പിറ്റേ ദിവസം തന്നെയെന്ന് കുറിച്ചു. കൈ കൊടുത്ത്‌ ശുഭരാത്രി ചൊല്ലി പിരിയും നേരം അതിന്‍റെ അപ്പുറത്തെ ദിവസം 'വീര്‍ത്ത തലയും ഉന്തിയ കണ്ണുകളുമായി'* എന്‍ഡോസള്‍ഫാന്‍ പോലെ ഒരു ഹൈ വോള്‍ട്ടേജ്‌ എക്സാം എന്നെയും കാത്ത്‌ വായ് പിളര്‍ന്ന്‍ നില്‍ക്കുന്നുണ്ടായിരുന്നു.

പിറ്റേ ദിവസം ഹോസ്റ്റലില്‍ ആറുമണിയായപ്പോള്‍ (IST 8 മണി)  പതുക്കെ എഴുന്നേറ്റ് കണ്ണുതിരുമി തുറിച്ച് നോക്കിയപ്പോള്‍ വാതില്‍ക്കല്‍ കുളിച്ച് കുപ്പായമിട്ട് മൂന്ന്‍ പേര്‍. ഷെഫീഖ് റഹ്മാന്‍, സച്ചിന്‍ രമേഷ്, സിജീഷ്‌.  ഒന്നിന് പകരം മൂന്ന്‍ സഹായാത്രികരായപ്പോള്‍ എന്‍റെ ധൈര്യത്തിന്‍റെ നല്ല ഒരു ഭാഗം ചോര്‍ന്നു പോയി ഒന്ന് എന്മകജെ എന്നത് നോവലിലല്ലാതെ കാസര്‍ഗോഡിന്‍റെ  ഏതു ഭാഗത്താണെന്നുപോലും അറിയില്ല, മറ്റൊന്ന് അരജീവിതങ്ങളുടെ സ്വര്‍ഗ്ഗം എന്ന ഡോകുമെന്‍ററി യില്‍ കണ്ടതു ശരിയാണെങ്കില്‍ എന്‍ഡോസള്‍ഫാന്‍ എന്ന പേരും പറഞ്ഞ് അവിടെ ചെല്ലുന്ന സകല മൂരാച്ചികളെയും, തെളിവെടുപ്പ്‌ അനുഭാവ പ്രകടനം കണ്ടു മടുത്ത ആ നാട്ടുകാര്‍ കുറുവടി വാകത്തി കത്തി വടിവാള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ ഉപചാരം ചൊല്ലി (പൂരപ്പാട്ട് എന്ന് വിവക്ഷ) പഞ്ഞിക്കിടും.

“ ഇതുവരെ റെഡിയായില്ലേ വേഗം നോക്ക്” ഷെഫീഖ്‌ തിരക്കുകൂട്ടി

വരുന്നത് വരട്ടെ എന്ന് കരുതി ചടിയെഴുന്നെറ്റ്‌ കുളിച്ച് (ആരുടെയോ)കുപ്പായവുമിട്ട് ഇറങ്ങി മുന്നോട്ട് വച്ച് പിടിച്ചു.അപ്പോഴാണ്‌ ഞാന്‍ ഭയന്ന ആ ചോദ്യം വന്നത്

എങ്ങോട്ട് പോകും?

അന്നേരം ദൈവ ദൂതനെ പോലെ രാജേഷയുടെ മുഖം എന്‍റെ മനസിലേക്ക്  ഓടിവന്നു. രാജേഷ എന്‍റെ ക്ലാസ്‌മെറ്റാകുന്നു. എന്മകജെ ഗ്രാമ പഞ്ചായത്തില്‍ വാണിനഗര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ താമസം. താമസിക്കുന്നത് പ്ലാന്‍റെഷന്‍ കോര്‍പ്പറേഷന്‍റ കണ്ണില്‍ പെടാത്ത ഒരിടത്തായത് കൊണ്ട് എന്‍ഡോസള്‍ഫാനില്‍ നിന്നും രക്ഷപ്പെട്ട അപൂര്‍വം എന്‍മകജെക്കാരില്‍ ഒരാള്‍. കന്നട മലയാളം തുളു മൂന്നും ഒരുപോലെ വഴങ്ങും (കേട്ട് നില്‍ക്കുന്ന നമ്മള്‍ കുഴങ്ങും). കന്നട കവിതയെഴുത്ത്‌ ക്ലേ മോഡലിംഗ് തുടങ്ങിയ പ്രധാന വിനോദം

വഴിയില്‍  വച്ച് രാജേഷയെ ഫോണ്‍ ചെയ്തു .
"നീ ധൈര്യമായി വന്നോ. പത്തരക്ക് ചെര്‍ക്കളയില്‍ നിന്ന് ബിയാസ് മോട്ടോഴ്സ് എന്നൊരു ബസ്സ് ഉണ്ട് അതില്‍ കയറിയാല്‍ നേരെ ഇവിറെയിറങ്ങാം."

ഹാവൂ സമാധാനമായി ഏതായാലും മഗല്ലെന്‍ ഭൂമി ചുറ്റിയത് പോലെയാവില്ലല്ലോ. പിന്നെ ആലോചിച്ചു നിന്നില്ല നേരെ ചെര്‍ക്കളയിലേക്ക്. അവിടെഎത്തുമ്പോള്‍ സമയം ഒന്‍പതര പിന്നെയും മണിക്കൂറൊന്നു കഴിയണം .കാത്തു നിന്ന് കാലുകഴച്ചിട്ടും ബിയാസ് മാത്രം വന്നില്ല. പിന്നെ അടുത്ത് വന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ ബസ്സും പിടിച്ച് പെര്‍ല്ലക്ക് ടിക്കറ്റെടുത്തു.
രാജേഷ


യാത്ര പുരോഗമിക്കുമ്പോള് മലയാളചൊവ മാറി തുളുവും കന്നടയും കയറിവന്നു. കേരളത്തിന്‍റെ അതിര്‍ത്തിക്കുള്ളിലായിട്ടും തുളുനാടിന്‍ മണ്ണില്‍ ഞങ്ങള്‍ക്ക് അപരിചിതത്വം അനുഭവപ്പെട്ടു. ബസ്സിനു പുറത്ത്‌ കച്ചവടകണ്ണ് പതിയാത്ത നീണ്ടു പരന്നു കിടക്കുന്ന പുല്‍മൈതാനങ്ങള്‍, അവിടെ സ്വഛമായി മേയുന്ന പശുക്കള്‍.  ചാറ്റല്‍ മഴയും ഇളം വെയിലും കിളികളും എല്ലാം ചേര്‍ന്ന് തീര്‍ക്കുന്ന കറയറ്റോരാലസല്‍ ഗ്രാമഭംഗി. പുറം കാഴ്ച്ചകളില്‍ അലിഞ്ഞു ഞങ്ങള്‍ ഞങ്ങളെത്തന്നെ മറന്നു.

ബദിയടുക്ക, യേത്തടുക്ക, ഉക്കിനടുക്ക… പേടിക്കേണ്ട ഞങ്ങള്‍ പിന്നിട്ട ചില സ്ഥലങ്ങളുടെ പേരുകളാണ്. അങ്ങനെ എല്ലാ ’അടുക്ക’ കളും കഴിഞ്ഞു ഞങ്ങള്‍ പെര്‍ല്ലയില്‍ എത്തി.

ഇനി ഇവിടെ നിന്ന് സ്വര്‍ഗ്ഗത്തിലോട്ട് പോകണം. അവിടെയാണ് നോവലിലെ പുരുഷനും സ്ത്രീയും കഥയിലേക്ക് ബസ്സിറങ്ങിയത്. തുളുവും കന്നടയും മാത്രം സംസാരിക്കുന്ന അവിടെ വഴിയും തിരഞ്ഞു മറ്റു മൂന്നുപേര്‍ മൂന്നു ദിക്കിലേക്കും ഞാന്‍ മുകളിലോട്ടും നോക്കി നില്‍പ്പായി. അപ്പോഴേക്കും ഭൂതകാലത്തില്‍ നിന്നെവിടെ നിന്നോ ഒരു ശകടം ഉരുണ്ടു വന്നു... 
ഞങ്ങള്‍ സ്വര്‍ഗ്ഗ യാത്രികര്‍ : ഇടത്ത് നിന്ന്  സച്ചിന്‍, ഞാന്‍,
സിജീഷ്‌,ഷെഫീഖ്‌


ഇനി  സ്വര്‍ഗ്ഗ യാത്രയാണ്  അത് അടുത്ത പോസ്റ്റില്‍ തുടരാം ...

*'വീര്‍ത്ത തലയും ഉന്തിയ കണ്ണുകളുമായി ' : പ്രയോഗ മോഷണം കുഞ്ഞൂട്ടന്റെ  ഒരു കവിത