Tuesday, October 25, 2011

എന്‍മകജെ : ഒരു നോവലായണം - 3

 സമയം ഉച്ച കഴിഞ്ഞു. പിന്നെ നേരെ രാജേഷയുയുടെ വീട്ടിലേക്ക്‌. അവന്‍റെ അമ്മയും അച്ഛനും എവിടെയോ വിരുന്നിനു പോയിട്ടും അവന്‍ ഞങ്ങള്‍ക്ക് വേണ്ടി നല്ല ഒന്നാന്തരം ഭക്ഷണം തന്നെ ഒരുക്കി വച്ചിരുന്നു. കറികള്‍ക്ക് ആവശ്യമായ പച്ചകറികള്‍ ഒക്കെയും ആ സ്വര്‍ഗ്ഗഭൂമിയില്‍ തന്നെ വിളഞ്ഞിരുന്നു. ചീരയും, കൊടോരവും അങ്ങനെ... മലയാണ്മയുടെ ഗൃഹാതുരത്വം ഞങ്ങള്‍ അനുഭവിക്കുകയായിരുന്നു. പിന്നെ കുറച്ചുസമയം ഞങ്ങള്‍ അവിടെ വിശ്രമിച്ചു. രാജേഷയും അനുജന്മാരും നല്ല ചിത്രകാരന്മാര്‍ കൂടിയാണ്. ബന്ധുക്കള്‍, കോളേജ്‌, കണ്ട സ്ഥലങ്ങള്‍ അങ്ങനെ നിറം മങ്ങാത്ത ഓര്‍മകള്‍ക്ക്‌ അവര്‍ ക്യാന്‍വാസില്‍ ചായം കൊടുത്ത്‌ പുനരുജ്ജീവിപ്പിച്ചു. പാചകത്തിന്‍റെ രുചി ചിത്രരചനയിലും അലിഞ്ഞു ചേര്‍ന്നിരുന്നു. അപ്പോഴേക്കും രാജേഷയുടെ അച്ഛനും അമ്മയും തിരിച്ചെത്തി. അന്നവിടെ നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിച്ചുവെങ്കിലും പിറ്റേ ദിവസം ക്ലാസുള്ളതു കൊണ്ട് ഞങ്ങള്‍ അവരുടെ ആതിഥേയത്വം സ്നേഹപൂര്‍വ്വം നിരസിച്ച് അവിടുന്നു യാത്ര പറഞ്ഞു.


അടുത്ത ലക്‌ഷ്യം ശ്രുതിയുടെ വീടായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഭ്രൂണാവസ്ഥയില്‍ ഇരിക്കുമ്പോഴേ അവളെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. ജന്മനാ കിട്ടിയ വികലാംഗത്വവും എന്നാല്‍ ഒന്നിനും തളര്‍ത്താന്‍ കഴിയാത്ത ധീഷണ ശക്തിയും അതായിരുന്നു എന്മകജയിലെ ശ്രുതി. വളരെ ചെറുപ്പത്തില്‍ തന്നെ അമ്മയും അച്ഛനും നഷ്ടപെട്ട് വല്യമ്മയോടൊപ്പം കഴിയുകയാണ് അവള്‍. ശരീരത്തിന്‍റെ പോരയ്മകളോട് അവള്‍ പടവെട്ടിയത് അനുഗ്രഹമായി കിട്ടിയ ബുധിശക്തി ഉപയോഗിച്ചായിരുന്നു. മനസ് തളരാതെ നല്ല രീതിയില്‍ പഠിച്ചു. ഞങ്ങള്‍ പോകുമ്പോള്‍ എസ് എസ് എല്‍ സി പരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു. സുമനസുകളുടെ സഹായത്താല്‍ വച്ച വെപ്പുകാലിന്‍റെ സഹായത്തിലാണ് സ്കൂളിലേക്ക് പോകുകയും വരികയും ചെയ്യുക. ചെമ്മണ്‍ റോഡിലൂടെ കയറ്റവും ഇറക്കവും വകവെക്കാതെ അവള്‍ തുടരുന്നു വിധിക്കുമുന്നില്‍ തളരാതെ ജീവിതത്തിന്‍റെ ജൈത്രയാത്ര. എസ് എസ് എല്‍ സി ക്ക് ശേഷം സയന്‍സ് ഗ്രൂപ്പെടുക്കാനും പഠിച്ചു വലിയ ആളാകാനും ആണ് ശ്രുതിയുടെ സ്വപ്നം. സഹോദരീ നിന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളയ്ക്കട്ടെ വിഹായസിന്‍റെ നിസീമകളിലേക്ക് നിനക്ക് ഉയരാന്‍ കഴിയട്ടെ.


ജടാധാരി കുന്നും കൊടങ്കേരി തോടും...എന്‍മകജെയുടെ ഐശ്വര്യത്തിന്‍റെ കൈലാസവും ശിവഗംഗയും....പില്‍ക്കാലത്ത്‌ കാളകൂടം ദഹിക്കാതെ ശാപവാഹിനികളായി. എന്‍മകജെയിലെ കുന്നിന്‍ മുകളില്‍ ഏരിയല്‍ സ്പ്രേ ചെയ്ത എന്‍ഡോസള്‍ഫാന്‍ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ന്ന്‍ ജലാശയങ്ങളില്‍ എത്തുകയും അമ്മമാരുടെ ഗര്‍ഭപാത്രത്തിലും മുലപ്പാലിലും വരെ എത്തുകയും ചെയ്തു. 


കുന്നിന്‍റെ മുകളിലാണ് ജാംബ്രീ ഗുഹ. ഈ ഗുഹയെ കുറിച് ഒരു ഐതിഹ്യം ഉണ്ട്. പണ്ടൊരു അസുരന്‍ കൈലാസത്തില്‍ തപസ് ചെയ്തു മൂന്നു ശിവലിംഗങ്ങള്‍ സമ്പാദിച്ചു. എന്നിട്ട് ഭൂമിക്കടിയിലൂടെ ശ്രീലങ്കയിലേക്ക്. പാതിവഴിയില്‍ ഒരു വെളിച്ചം കണ്ടു ശ്രീലങ്കയാണെന്ന് കരുതി പുറത്തേക്ക് വന്നു. എന്നിട്ട് ആ വിഗ്രഹങ്ങള്‍ മൂന്നു ദിക്കിലേക്ക് എറിഞ്ഞു. അന്ന് അസുരന്‍ പുറത്ത് വന്ന ഗുഹയാണ് ജാംബ്രീ ഗുഹ എന്നാണ് ആ നാട്ടുകാരുടെ സങ്കല്‍പ്പം. ഞങ്ങള്‍ ആ ഗുഹയും ലക്ഷ്യമാക്കി കുന്നുകയറാന്‍ ആരംഭിച്ചു. വിഷമഴ പെയ്തിരുന്ന കാലത്ത് ഒരു ചീവേടോ ഷഡ്പദങ്ങളോ ആ നാട്ടില്‍ ഇല്ലയിരുന്നുവത്രേ. അത്രയും വിഷമയമായിരുന്നു ആ മണ്ണും വായുവും. എന്നാല്‍ ഇന്ന് എന്‍ഡോസള്‍ഫാന്‍ നിര്‍ത്തി ഏതാനും വര്‍ഷം കഴിഞ്ഞു. പതുക്കെ പ്രത്യാശയുടെ പുല്‍നാമ്പുകള്‍ വളരാന്‍ തുടങ്ങിയിരിക്കുന്നു. വിടരുന്ന മുകുളങ്ങളില്‍ തേന്‍ നുകരാന്‍ ചിത്രശലഭങ്ങളും നിലച്ചുപോയ ഗാനം പൂര്‍ത്തിയാക്കുന്ന ചീവീടുകളും അങ്ങനെ പൊട്ടിപോയ തന്‍റെ കൂടിന് ഇഴചെര്‍ക്കുന്ന ഒരു തൂക്കണാം കുരുവിയെപോലെ പ്രകൃതി സൃഷ്ടിയുടെ പുതിയ നൂലിഴകള്‍ തുന്നാന്‍ തുടങ്ങിയിരിക്കുന്നു...

അകലെ താഴ്വാരതുനിന്നും ബിയാസിന്‍റെ ഹോണ്‍ വിളി കേട്ടു ഇത് അന്നത്തെ അവസാന ട്രിപ്പാണ്. മടങ്ങിയില്ലെങ്കില്‍ ഇന്ന് മടക്കയാത്ര നടക്കില്ല. പൂര്‍ത്തിയാക്കാത്ത ഒരു ദൌത്യം പോലെ എന്തെക്കൊയോ ബാക്കി വച്ച് ഞങ്ങള്‍ തിരിഞ്ഞു നടന്നു.

*'ഗുഹ പറഞ്ഞു "നില്‍ക്കൂ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും മാത്രമേ ഇതിനകത്തെക്കു പ്രവേശനമുള്ളൂ"
അരയില്‍ ചുറ്റിയ ജീര്‍ണ്ണതകള്‍ അഴിച്ചു മാറ്റി സ്ത്രീയും പുരുഷനും അതിനകത്തേക്ക് കയറി. അനേകായിരം ജന്തുജാലങ്ങള്‍ ആ ഗുഹയ്ക്കകത്തുണ്ടായിരുന്നു.
ഗുഹ പറഞ്ഞു "വിഷമഴ പെയ്യുമ്പോള്‍ ഞാനിവര്‍ക്ക് സംരക്ഷണം നല്‍കും"
കണ്ണഞ്ചിപ്പിക്കുന്ന സൂര്യതേജസുമായി ഒരു കഴുത്ത അങ്ങോട്ട്‌ നടന്നു വന്നു. തിളക്കമറ്റ കണ്ണുകളിലൂടെ ചുറ്റും നോക്കികൊണ്ട് ഗംഭീരമായ സ്വരത്തില്‍ കഴുത പറഞ്ഞു.
"എല്ലാവരും കേള്‍ക്കണം. എനിക്ക് പറയാനുണ്ട് പ്രധാനപെട്ട ചില കാര്യങ്ങള്‍."
സ്ത്രീയും പുരുഷനും മാത്രമല്ല. സര്‍വ്വ ചരാചരങ്ങളും ശ്രദ്ധാലുക്കളായി.*

......................................................................

കാഥികാ....... അര്‍ധോക്തിയില്‍ അങ്ങ് നിര്‍ത്തിയ ആ ശബ്ദം പ്രകൃതിയുടെ ഹൃദയതാളത്തിന്‍റെതാണെന്ന് ആ ഗ്രാമം ഞങ്ങളോടും പറയുന്നുണ്ടായിരുന്നു.



യാത്രാനന്തരം

എന്‍ എസ് എസ് യൂണിറ്റിന്‍റെയും കോളേജ്‌ യൂണിയന്‍റെയും ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സമാശ്വാസ്വവുമായി വിഷമഴ്യ്ക്കൊരു കുട എന്ന പേരില്‍ ഒരു പദ്ധതി വിഭാവനം ചെയ്തു. 'നല്ലവനായ' അന്നത്തെ പ്രിന്‍സിപ്പാല്‍ അതിന്‍റെ കടയ്ക്കല്‍ അപ്പോള്‍ തന്നെ കത്തി വെക്കുകയും ചെയ്തു. അതിനിടയില്‍ ഒരു പ്രാവശ്യം കൂടി എന്‍മകജെയിലേക്ക് പോയി ജടാധരിയുടെ തെയ്യം കേട്ട് കാണാന്‍ അത് മറ്റൊരു പോസ്റ്റില്‍ ഇടാം. കോഴ്സ്‌ വൈവയും പ്രോജക്ടും സെമിനാറും തീര്‍ത്ത് അധ്യാപകരോടും കൂട്ടുകാരോടും കണ്ണീരുകൊണ്ട് യാത്ര ചോദിച്ച് ഞാന്‍ എല്‍ ബി എസ് ന്‍റെ പടി ഇറങ്ങി. നാട്ടില്‍ വന്ന് കുറച്ചു മാസം കഴിഞ്ഞപ്പോള്‍ ഷെഫീക്ക് വിളിച്ചു. വിഷമഴയ്ക്കൊരു കുട ഇതാ നിവരാന്‍ പോകുന്നു. പ്രിന്‍സിപല്‍ മാറി പുതിയ ആളായി ഡയരക്ടറേടറ്റിന്നും അനുവാദം കിട്ടി. അങ്ങനെ വിഷമഴ്യ്ക്കൊരു കുട യതാര്‍ഥ്യത്തിലേക്ക്‌.      




"*---* എന്മകജെ നോവലില്‍ നിന്നും എടുത്ത വാചകങ്ങളും സന്ദര്‍ഭങ്ങളും"

4 comments:

  1. നന്നായി എഴുതിയിട്ടുണ്ട്. അഭിനന്ദനങള്‍ !!!!!!!!

    ReplyDelete
  2. സ്വര്‍ഗ്ഗയാത്രയുടെ ബാക്കി പതിപ്പിനായി കാത്തിരിക്കുകയായിരുന്നു ശങ്കരാ.അതു വെറുതെയായില്ല.നോവലിലില്‍ നിന്നും അടര്‍ത്തിയെടുത്തതു മുഴച്ചിരിക്കാതെ ഇവിടെ ചേര്‍ത്തുവെച്ചിരിക്കുന്നു. വിഷമഴ്യ്ക്കൊരു കുട നിവര്‍ത്തിയ എല്‍.ബി.എസ് ലെ അനുജന്മാര്‍ക്കും അനുജത്തിമാര്‍ക്കും പുതിയ പ്രിന്‍സിപ്പാളിനും ഭാവുകങ്ങള്‍ (ഇതിനെക്കുറിച്ചു കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്).
    സസ്നേഹം,

    ReplyDelete
  3. വലിയ ശബ്ദങ്ങള്‍ ഉരുവം കൊള്ളുന്നത് ചെറിയ ഞെരക്കങ്ങളില്‍ നിന്നാണ്.. വലിയ ശബ്ദങ്ങളിലേക്കുള്ള അവരുടെ യാത്രകള്‍ക്ക് ചൂട്ട് തെളിച്ച വഴിവിളക്കിന് നൂറുനൂറഭിവാദ്യങ്ങള്‍ !

    ReplyDelete