Tuesday, October 25, 2011

എന്‍മകജെ : ഒരു നോവലായണം - 2


പെര്‍ള ടൌണില്‍ ഇറങ്ങി. ഇവിടെ നിന്നാണ് എന്മകജെ നോവലിലെ പുരുഷനും സ്ത്രീയും അവരുടെ അലച്ചില്‍ അവസാനിപ്പിച്ച് യാത്ര തുടങ്ങിയത്. ഭൂതകാലത്തില്‍ നിന്നെന്നപോലെ ഒരു ബസ് അങ്ങോട്ട്‌ ഉരുണ്ടു വന്നു. കന്നഡയില്‍ വലുതായി എഴുതിയതിനു താഴെ ചെറുതായി മലയാളത്തില്‍ 'സ്വര്‍ഗ്ഗ പുത്തൂര്‍' എന്ന് എഴുതിയിട്ടുണ്ടായിരുന്നു.

*"സ്വര്‍ഗ്ഗ സ്വര്‍ഗ്ഗ"
പുരുഷനു പിന്നാലെ സ്ത്രീയും ആ ബസ്സിലേക്ക് ഓടിയടുത്തു 
"ഞങ്ങളുടെ കയ്യില്‍ പൈസയില്ല" സ്ത്രീ പറഞ്ഞു.
"പൈസയൊന്നും  വേണ്ടപ്പാ, കേറിക്കൊള്ളീ" 
കണ്ടക്ടര്‍ അവരെ കയറ്റി.*

അംബികാസുതന്‍ മാഷിന്‍റെ കഥാപാത്രങ്ങള്‍ക്കൊപ്പം ഞങ്ങളും...

പെര്‍ള്ള ചെക്ക്‌ പോസ്റ്റ്‌ കടന്ന് ഇടത് വശത്തേക്കുള്ള പോക്കറ്റ് റോഡ്‌ എന്മകജയിലേക്കുള്ളതാണ്. സ്വന്തം സഹോദരന്‍റെ രക്തമൂറ്റി പണം കായ്ക്കുന്ന മരത്തിനൂട്ടിയ ഉദ്യോഗസ്ഥ ഭീകരതയുടെ പര്യായങ്ങളിലൊന്ന്. ഒരു കാഥികന്‍റെ കണ്ണുനീര്‍ തൂലികയിലൂടെ പടര്‍ന്നപ്പോള്‍ മലയാള സാഹിത്യത്തിന് മറ്റോരു മുതല്‍ കൂട്ടായ എന്മകജയിലേക്ക്.

മലനിരകളെ ചുറ്റി വരിഞ്ഞ മലമ്പാമ്പിനെ പോലെ ആ റോഡ്‌ നീണ്ടു കിടന്നു. ഒരു വശത്ത് റബ്ബറും കശുമാവും മറു വശത്ത് കമുകിന്‍ തലപ്പുകളും വയലുകളും കൃഷിയില്ലാത്തയിടങ്ങളില്‍ കാട് അല്ലാതെ മനുഷ്യ വാസത്തിന്‍റെ  ലക്ഷണമൊന്നും ആ വഴികളിലെവിടെയും കണ്ടില്ല.

കുറേ പോയപ്പോള്‍ കഥയിലെ വില്ലനെത്തി. പച്ചയില്‍ വെള്ള അക്ഷരങ്ങളായി KPCL. തുടര്‍ന്നങ്ങോട്ട് പ്ലാന്‍റെഷന്‍ കോര്‍പ്പറേന്‍റെ തോട്ടങ്ങളായിരുന്നു. 

ബസ്സ്‌ സ്വര്‍ഗ്ഗയിലെത്തി. നിയോഗങ്ങളുടെ ഭാണ്ഡവും പേറി സ്ത്രീയും പുരുഷനും അവിടെ കാല്‍ കുത്തി. മൂന്നു മുറികളുള്ള ഒരു കെട്ടിടം അതായിരുന്നു അവിടുത്തെ മാര്‍ക്കറ്റ് കോംപ്ലക്സ്‌. ഒരു മുറിയില്‍ പലചരക്ക് വ്യാപാരം. അടുത്ത മുറിയിലാണ് ഡോ. വൈ.എസ്. മോഹനയുടെ ക്ലിനിക്ക്‌. പിന്നെ ഒരു ഗവ യു പി സ്കൂളും ഒരു കംഫര്‍ട്ട് സ്റ്റേഷനും അത്രയും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. കേരള സര്‍ക്കാര്‍ നിര്‍മ്മിച്ച ആരും ഉപയോഗിക്കാതെ വൃത്തിയാക്കാനാളില്ലാതെ കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ മാത്രമായിരുന്നു സ്ഥലം കേരള സംസ്ഥാനത്തിനുള്ളിനാണ് എന്നതിന് ആകെ ഉള്ള തെളിവ്.

ഞങ്ങള്‍ അവിടെയെത്തുമ്പോഴേക്കും ഡോ. മോഹന വാണിനഗറിലേക്ക് പോയിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ വാണിനഗറിലേക്ക് ഒരു ബസ്സ് ഉണ്ടെന്ന്‍ അറിയാന്‍ കഴിഞ്ഞു. ഞങ്ങള്‍ കാത്തിരുന്നു. ബസ്സ് വന്നു. ബസ്സിന്‍റെ പേര് കണ്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി. 'ബിയാസ് മോട്ടോഴ്സ്' ഈ ബസ്സിനെയാണ് ഞങ്ങള്‍ ചെര്‍ക്കളയില്‍ ഒരു മണിക്കൂര്‍ കാത്തുനിന്നത്. പിന്നീടാണ് സത്യമറിഞ്ഞത് ഈ ബസ്സ്‌ നടത്തുന്ന നാലു ട്രിപ്പുകള്‍ മാത്രമാണ് ആ ഗ്രാമത്തെ കാസര്‍ഗോടുമായി ബന്ധിപ്പിക്കാനുള്ള ഏക പൊതു ഗതാഗത മാര്‍ഗ്ഗം. 

ബിയാസ് ഞങ്ങളെ വാണിനഗറില്‍ എത്തിച്ചു. അപ്പോഴേക്കും രാജേഷയും പ്രസന്‍റ്. 

    വാണിനഗര്‍, പ്രകൃതി അനുഗ്രഹിച്ച് നല്‍കിയ ഒരു ഗ്രാമം. സ്വര്‍ഗ്ഗയില്‍ നിന്നും പിന്നെയും ഉള്ളോട്ടാണ്. ഒന്ന് രണ്ടു കടകള്‍, ടീ ഷോപ്പ്, തയ്യല്‍ കട, ഹൈ സ്കൂള്‍ തുടങ്ങി മനുഷ്യന്‍റെ അത്യാവശ്യ ചോദനകള്‍ക്ക്  വേണ്ടതല്ലാം അവിടെയുണ്ട്. ആ ഗ്രാമത്തിനു ചുറ്റും ധാരാളം കുന്നുകള്‍ കാണാം ശുദ്ധ ജലം ചുരത്തുന്ന ചെങ്കല്‍ കുന്നുകള്‍. കേരളവും കര്‍ണ്ണാടകവും അതിര്‍ത്തി പങ്കിടുന്നത് ഈ കുന്നുകള്‍ക്കിടയില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ വഴിയാണ്. അതിനിടയില്‍ എല്ലാ അതിരുകള്‍ക്കും ഉപരിയായ്‌ ഹൃദയം പങ്കിടുന്ന തുളുനാടന്‍ ജനതയും. ഈ സ്വര്‍ഗ്ഗ ഭൂമിയെയാണ് കൊള്ള ലാഭത്തിനു വേണ്ടി കാളകൂടം കുടഞ്ഞു നശിപ്പിച്ചത്.


ഞങ്ങള്‍ നേരെ ഡോ മോഹനയുടെ ക്ളിനിക്കിലേക്ക് പോയി. ക്ലിനിക്കില്‍ കുറച്ചു പേര്‍ ഉണ്ടായിരുന്നു. പരിശോധനാ സമയം കഴിയാന്‍ ഞങ്ങള്‍ കാത്തിരുന്നു.


എം.ബി.ബി.എസ് കഴിഞ്ഞ് ആ നാട്ടിന്‍പുറത്തെത്തിയ ഡോക്ടര്‍ക്ക് മുന്നില്‍ ഉത്തരമില്ലാ പ്രഹേളികയായി കുറേ രോഗികള്‍. കേട്ടുകേള്‍വി പോലുമില്ലാത്ത രോഗങ്ങള്‍. മനുഷ്യരാണോ എന്നു പോലും സംശയം തോന്നുന്ന വിചിത്ര രൂപം പ്രാപിച്ച ജന്മങ്ങള്‍. അതുവരെ ഉറക്കമൊഴിച്ചിരുന്ന്‍ പഠിച്ച തീയ്യറികള്‍ നോക്കുകുത്തികളാവുന്ന അവസ്ഥ. ആ നാട്ടിലുള്ളവര്‍ക്ക് അതിനും ഉത്തരമുണ്ടായിരുന്നു, ജടാധരിയുടെ ശാപം, മുജ്ജന്മ പാപം അങ്ങനെ..പക്ഷെ ശപിക്കാന്‍ മാത്രമായി ഒരു ദൈവമോ, അതും നിഷ്കളങ്കരായ ഒരുകൂട്ടം ഗ്രാമവാസികളെ മാത്രം? തുടര്‍ന്നു നടത്തിയ അന്വേഷണമാണ് കുറ്റവാളി എന്‍ഡോസള്‍ഫാനാണ് എന്ന തിരിച്ചറിവിലെത്തിച്ചത്. എന്‍ഡോസള്‍ഫാന്‍റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെതിരെ പോരാട്ടം തുടങ്ങിയ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളാണ് ഡോ. വൈ. എസ്. മോഹന. കാലം പിന്നെയുമെടുത്തു സമൂഹമനസാക്ഷിക്കുമുന്ന്നില്‍ ഈ പ്രശനമെത്താന്‍. കേരളം ഈ ഭീകരത കണ്ടു ഞെട്ടുന്നത് മാതൃഭൂമിയില്‍ മധുരാജ് പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ വഴിയാണ്.


ഓര്‍മ്മയില്‍ നിന്നുണരുമ്പോള്‍ രാജേഷ ഞങ്ങളെ ഡോക്ടര്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുകയായിരുന്നു നല്ല അസ്സല് തുളുവില്‍. എല്‍.ബി.എസ്.സി.ഇ യിലെ എന്‍.എസ്.എസ്. പിള്ളേരാണെന്നറിഞ്ഞപ്പോള്‍ അദേഹം ഞങ്ങളെ സന്തോഷത്തോടെ വിളിച്ചകത്തിരുത്തി. ഞങ്ങള്‍ക്ക്‌ തുളുവറിയില്ല എന്ന ക്ഷമാപണത്തോടെ ഞങ്ങള്‍ സംസാരിക്കാന്‍ ആരംഭിച്ചു. കോളേജില്‍ യൂണിവെഴ്സിറ്റി യൂണിയന്‍ സംഘടിപ്പിച്ച സെമിനാറാണ് ഞങ്ങളെ അവിടെയെത്തിച്ചതെന്നും കൂടുതലറിയാനും കഴിയുന്ന രീതിയില്‍ അവരെ സഹായിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു. അദ്ദേഹം തുളുകലര്‍ന്ന മലയാളത്തില്‍ എന്മകജെയടക്കം കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ സംഭവിച്ചത്‌ എന്താണെന്ന് വിവരിച്ചു. അത് ഉദ്യോഗസ്ഥ ഭീകരതയോട് ഏറ്റുമുട്ടി വിജയിച്ച ഒരുജനതയുടെ ചരിത്രമായിരുന്നു.


സംസാരത്തില്‍ ഉടനീളം അദ്ദേഹം പറഞ്ഞ ഒരു പേരുണ്ടായിരുന്നു, ശ്രുതി. രണ്ടായി പകുത്ത കയ്യും പിന്നോട്ട് വളഞ്ഞ കാലുമായി വീടിന്‍റെ കട്ടില പിടിച്ചു നില്‍ക്കുന്ന നിഷ്കളങ്കമായ ഒരു കുട്ടിയുടെ ചിത്രമാണ് ഓര്‍മ്മയില്‍ വന്നത്. എന്‍ഡോസള്‍ഫാന്‍ ഭീകരതയുടെ നേര്‍ ചിത്രങ്ങളില്‍ ഒന്ന്.


.....................................തുടരും...............................................




*----* എന്മകജെ നോവലില്‍ നിന്നെടുത്ത വാചകങ്ങളും സന്ദര്‍ഭങ്ങളും
  


2 comments:

  1. sankarettaaaaaaaaaaaaaaa, takarppanayittund tto.....

    ReplyDelete
  2. ഇതു വെറുമൊരു യാത്രാവിവരണം മാത്രമല്ല.. ഒരു ചരിത്രസംരംഭത്തിന്റെ ആദ്യപാദങ്ങളുടെ അടയാളപ്പെടുത്തലുകൂടിയാണ്..

    ചിലപ്പോഴെങ്കിലും അതിന്റെയും പരിധി ലംഘിച്ച് ഈ എഴുത്ത് സാഹിതീശൈലങ്ങളിലെത്തുന്നുണ്ട്.. "മലനിരകളെ ചുറ്റി വരിഞ്ഞ മലമ്പാമ്പിനെ പോലെ ആ റോഡ്‌ നീണ്ടു കിടന്നു"

    ReplyDelete